Wednesday, 25 October 2017

എന്നിലെ ഞാൻ


ലാബിൽ നിന്നും കിട്ടിയ കടലാസും ആയിട്ട് അവൻ ഡോക്ടറുടെ അടുത്തേക്ക് നടന്നു.
" SGPT യുടെ അളവ് ഇനിയും കൂടുകയാണെങ്കിൽ മരണമല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല " എന്ന ഡോക്ടറുടെ വാക്കുകൾ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു. അവന്റെ കണ്ണുകളിൽ ജീവിതത്തോടുള്ള അടങ്ങാത്ത പകയും, ചുണ്ടുകളിൽ മരണത്തോടുള്ള പുച്ഛവും, കാതിൽ ഡോക്ടറുടെ വാക്കുകളും നിറഞ്ഞ് നിന്നു. ജനിച്ചാൽ ഒരുനാളിൽ മരിക്കണം എന്നവന് അറിയുന്നത് കൊണ്ടാവാം മരണഭയം ഒരു തുള്ളിപോലും കണ്ണുകളിൽ കാണാൻ സാധിക്കാതിരുന്നത്.

" കിട്ടിയോ ??? "

ഡോക്ടറുടെ മുഖത്ത് റിസൾട്ട് കാണുവാനുള്ള ആകാംഷയും, ഭയവും ഒരുപോലെ നിഴലടിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ നിന്നും സഹതാപത്തിന്റെ കണ്ണുകൾ തനിക്കുനേരെ നീളുന്നതവൻ അറിഞ്ഞു. കാറ്റ് വീശി. ഡെറ്റോളിന്റെയും മരുന്നിന്റെയും മണമുള്ള കാറ്റ്. ആ കാറ്റിന് മരണത്തിന്റെ മണം ആണെന്ന് അവൻ തിരിച്ചറിഞ്ഞു.

" ഹാവൂ.... കുറഞ്ഞിട്ടുണ്ട് !! "

ഡോക്ടർ അവൻ സന്തോഷം നിറഞ്ഞരു പുഞ്ചിരി സമ്മാനിച്ചു. അവന്റെ മനസ്സിൽ പ്രതീക്ഷയുടെ വേരുകൾ ആയ്ന്നിറങ്ങി. " അൽഹംദുലില്ലാഹ് " ( ദൈവത്തിന് സ്തുതി ) കൈ വിട്ടു പോയന്ന് കരുതിയ ജീവിതം തിരികെ കിട്ടിയതിൽ പടച്ചവന് നന്ദി പറഞ്ഞു.

" സന്തോഷിക്കാൻ ആയിട്ടില്ല. ശ്രദ്ധിക്കണം. Bed rest അത്യാവശ്യമാണ് "

ഡോക്ടറുടെ വാക്കുകൾക്ക് അവൻ അതികം പ്രാധാന്യം കല്പിച്ചില്ല. അവന്റെ ഷർട്ടിനെ കീറിമുറിച്ചു കൊണ്ട് പെട്ടെന്ന് രണ്ടു ചിറകുകൾ പ്രത്യക്ഷമായി. ചിറകുകൾ ശക്തിയായ് ആഞ്ഞടിച്ചു കൊണ്ട് അവൻ ആകാശത്തിലേക്ക് പറന്നുയർന്നു. പാറിപറക്കുന്ന പറവകൾ അവന് ചുറ്റും അത്ഭുതത്തോടെ വലം വെച്ചുപറന്നുകൊണ്ടിരുന്നു. കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന ആകാശത്തിലൂടെ അവൻ കുന്നുകളും മലകളും താണ്ടി അങ്ങു ദൂരേക്ക് പാറിപ്പറന്നു.



" അല്ലാ... ഇത് ഏതു ലോകത്താ ഇവിടെ ഒന്നും അല്ലെ "

നിന്ന നിൽപ്പിൽ സ്വപ്നം കാണുന്ന അവനെ ഡോക്ടർ വിളിച്ചു. മുഖത്ത് കള്ള ചിരി കണ്ടിട്ടാണ് വീട്ടിൽ പോയി സ്വപ്നം കാണാൻ അവനോട് ആവിശ്യപ്പെട്ടത്.

" നന്ദി. എല്ലാത്തിനും നന്ദി "

ഡോക്ടറോട് നന്ദി പറഞ്ഞത് ഹൃദയത്തിൽ നിന്നുമായിരുന്നു. ഡോക്ടറുടെ കടമ നിങ്ങൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവൻ ഡോക്ടറോട് യാത്ര ചോദിച്ച് പുറത്തേക്ക് വേഗത്തിൽ നടന്നു. ഇപ്പോൾ തനിക്കു നേരെ നീളുന്ന കണ്ണുകളിൽ അസൂയയും കുശുമ്പും അവന് കാണാൻ സാധിച്ചു.

പുറത്തെ വാതിൽ കടക്കുമ്പോൾ അവനെ നോക്കി മാലാഖമാർ കൈ വീശി കാണിച്ചു.' ഇനി ഒരിക്കലും ഇവിടേക്ക് തിരിച്ചു വരരുത് ' അവരുടെ മനസ്സിൽ വിരിഞ്ഞ വരികൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞു വന്നു. പുറത്തെ കൊടും വെയിലിലും ഫ്രിഡ്ജിലെ വെള്ളത്തിന്റെ തണുപ്പ് അവൻ അനുഭവപ്പെട്ടു. വെറുതെ ചിരിക്കുന്ന അവന്റെ മുഖത്തേക് നോക്കി " വട്ടാണോ " എന്ന് ചിന്തിച്ചു കൊണ്ട് ഒരുപാട് പേർ നടന്നു നീങ്ങുന്നു. അവന് അതിൽ പുതുമയെന്നും തോന്നിയില്ല. മരണത്തിൽ നിന്നും രക്ഷപ്പെട്ട ഏതൊരാൾക്കും അങ്ങനെയേ തോന്നു എന്നവൻ കരുതിക്കാണും.

മനസ്സിലേക് ഉമ്മയുടെ മുഖം കടന്ന് വരുന്നത് അവൻ അറിഞ്ഞു. തൃതിയിൽ ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു.

" ഉമ്മാ.... test കഴിഞ്ഞു കുറവുണ്ട്. പേടിക്കേണ്ട ട്ടോ. കുഴപ്പം ഒന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത് "

" അൽഹംദുലില്ലാഹ്. പടച്ചോൻ നമ്മളെ കൈ....... "

ഉമ്മയുടെ വാക്കുകൾ മുഴുവിപ്പിക്കാൻ ആയില്ല അതിന് മുമ്പ് ബാലൻസ് തീർന്നു ഫോൺ കട്ടായി. പാവം അവിടെ തീ തിന്നുവായിരിക്കും അവൻ ഉമ്മയെ കുറിച്ച് ഓർത്തപ്പോൾ അവിടെ നിൽക്കാൻ തോന്നിയില്ല എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു ചിന്ത. ബസ് സ്റ്റാന്റിലേക് അവൻ നടന്നു.

മുടയുടെ മേൽ അടയിരിക്കുന്ന അമ്മപക്ഷി. ആ പക്ഷിക് വേണ്ട എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിച്ചു കൊടുക്കുന്ന ഒരച്ഛൻ പക്ഷിയും. കുറച്ചു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞു പക്ഷി മുടത്തോട് പൊട്ടിച്ചു വെളിയിൽ വന്നു. അവർ വളരെ അധികം സന്തോഷിച്ചു. ഓരോ കാര്യങ്ങളും അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ആ കുഞ്ഞു പക്ഷി പഠിച്ചെടുത്തു. അവർ തന്റെ കുഞ്ഞിനെ ഒരു പോറൽ പോലും ഏല്പിക്കാതെ സംരക്ഷണം നൽകി. കുഞ്ഞു പക്ഷി അവർക്ക് ഒപ്പം ജീവിച്ചു പോന്നു.



ഒരു നാൾ അമ്മയും അച്ഛനും തീറ്റതേടി പോയപ്പോൾ ഒരു വേട്ടക്കാരൻ കുഞ്ഞു കിളിയെ പിടിച്ചു കൊണ്ടുപോയി. തിരിച്ചുവന്ന അച്ഛനും അമ്മയും കുഞ്ഞു കിളിയെ കാണാതായപ്പോൾ ഒരുപാട് കരഞ്ഞു. കുറെ കിളിയെ തേടി അലഞ്ഞു എന്നിട്ടും കണ്ടതാനായില്ല. എന്നാൽ കുഞ്ഞു കിളി ആരുടെയോ തടവിൽ ഒരു അലങ്കാര വസ്തുവായി മാറിയിരുന്നു. ഓർമ്മകൾ അയവിറക്കി കിളി ജീവിച്ചു എന്നെങ്കിലും ഒരിക്കൽ കൂട് തുറക്കും എന്ന പ്രതീക്ഷയുമായ്.



കുഞ്ഞു പക്ഷിയുടെ അച്ഛനും അമ്മയും പുതിയ കുഞ്ഞിന്റെ ആരവത്തോടെ അവനെ മറന്ന് കഴിഞ്ഞിരുന്നു.


ങ്ങനെ കാലം കടന്ന് പോയിക്കൊണ്ടിരിക്കെ ഒരു ചെറിയ കുട്ടി വന്ന് കുഞ്ഞു പക്ഷിയുടെ കൂട് തുറന്ന് കൊടുത്തു.



സ്വതന്ത്രനാക്കപ്പെട്ട സന്തോഷത്താൽ കുഞ്ഞു പക്ഷി ചിറകടിച്ചുയർന്നു. മാനത്തിലൂടെ മതിവരോളം പാറി. തന്റെ അച്ഛനെയും അമ്മയെയും കാണാൻ ഉള്ള തിടുക്കത്തിൽ ആ കുഞ്ഞു ചിറകുകൾ നിർത്താതെ വീശി കൂട്ടിലേക്ക് പറന്നു.



" ഠോ..... ഠോ.....ഠോ....ഠോ....." തനിക്കു നേരെ കുതിച്ചു വരുന്ന ഒരേ വെടി ഉണ്ടകളും വെട്ടിച്ചു കൊണ്ട് കുഞ്ഞു കിളി ഭയത്തോടെ പറന്നു. ഠോ.... ഇത്തവണ വേട്ടക്കാരന്റെ ഉന്നം പിഴച്ചില്ല കൃത്യം കിളിയുടെ നെഞ്ചുംകൂട് തകർത്തു. കുഞ്ഞു കിളിയുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും കിളിയുടെ കൂടെ നിലംപാതിച്ചു.



" ഹേയ്യ്... ടിക്കറ്റ് എടുത്തോ ??? "

ബസിൽ കണ്ടക്ടറുടെ വിളി കേട്ട അവൻ ഞെട്ടി ഉണർന്നു. കണ്ടക്ടർക് പണം കൊടുത്തു കൊണ്ട് അവൻ ടിക്കറ്റ് സ്വന്തമാക്കി. ഉയരങ്ങളിലേക് പറന്നുയരുന്ന കുഞ്ഞു പക്ഷി വെടി കൊണ്ട് നിലംപതിക്കുന്ന ചിത്രം അവന്റെ മനസ്സിലേക് ഓടിവന്നു. ഭീതിയോടെ അവൻ ആ സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചു.

നിമിഷനേരം കൊണ്ട് അവന്റെ കണ്ണുകളിൽ ഭയം നിറയുകയും വിയർപ്പ് കണികകൾ ഒലിച്ചിറങ്ങുകയും ചെയ്തു. ആ കുഞ്ഞു പക്ഷി താൻ ആണെന്ന് അവൻ ഞെട്ടലോടെ മനസ്സിലാക്കിയിരിക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോകുന്ന ജീവിതത്തിൽ വേട്ടക്കാരൻ എന്ന മഞ്ഞപിത്തം പിടിപെടുകയും രോഗമെന്ന കൂട്ടിലടക്കുകയും ചെയ്തു. കരളിനെ കാർന്നു തിന്നുന്ന മഞ്ഞപിത്തം കുറെ കാലം കൂട്ടിൽ ആക്കപ്പെട്ട കുഞ്ഞു കിളിയെ പോലെ ഒരു അടച്ചിട്ട മുറിയിലെ വിശ്രമജീവിതമായിരുന്നില്ലെ സൂചിപ്പിച്ചത്. നിർത്താതെ വീശിയടിക്കുന്ന തണുത്ത കാറ്റിനും ചുട്ടുപൊള്ളുന്ന ചൂടാണെന്ന് അവൻ തോന്നി.



കുഞ്ഞു കിളിക് കൂട് തുറന്ന് കൊടുത്ത ആ ചെറിയ കുട്ടി എന്റെ ജീവിതത്തിലെ ഡോക്ടർ ആയിരുന്നില്ലെ??. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവിൽ എന്നെപോലെ പ്രതീക്ഷയുടെ കടുക്മണി തേടിയുള്ള യാത്രയിൽ, അമ്മയെയും അച്ഛനെയും കാണാനുള്ള തിടുക്കത്തിൽ വേട്ടക്കാരന്റെ വെടി കൊണ്ട് വീണു പോകും എന്ന് ആ കിളിക് അറിയുമായിരുന്നോ????.

" പകൽ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും " .ഉപ്പയുടെ വാചകങ്ങൾ അവനെ നോക്കി പൊട്ടിച്ചിരിച്ചു.
" യാ അല്ലാഹ്... എന്തിന് ഈ പരീക്ഷണം??.
അവൻ വിയർത്ത് ഒലിച്ചു. ചെയ്ത് കൂട്ടിയ പാപകറകൾ അതിൽ ഒലിച്ചു പോയിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു പോയി.

" അൽഹംദുലില്ലാഹ്. പടച്ചോൻ ഞമ്മളെ കൈ...." ഉമ്മയുടെ മുഴുവിപ്പിക്കാൻ കഴിയാത്ത വാക്കുകൾ അവന്റെ മനസ്സിലോർമ്മ വന്നു. " കൈ വിടില്ലാ " എന്നായിരിക്കും ഉമ്മ പറഞ്ഞത്.
' ഇല്ല ഉമ്മ...പടച്ചോൻ എന്നെ കൈ വിട്ടിരിക്കുന്നു ' അവൻ ഉമ്മയോടയി പറഞ്ഞു.

" ചെമ്മാട് ഇറങ്ങാൻ ഉള്ളവർ ഒക്കെ ഡോറിന് അടുത്തേക്ക് വരാ..."

കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളികോട്ടപ്പോൾ
അവൻ എണീച്ചു ഡോറിന്റെ അടുത്ത് പോയി നിന്നു. എല്ലാവരുടെ കണ്ണുകളും അവനിലാണ് പതിയുന്നത് എന്നവന് തോന്നി. കണ്ണുകളിലെ ഭീതിയും, വിറക്കുന്ന കൈകാലുകളും, ഇടക്ക് ഇടക്ക് പിന്നിലേക്കു നോക്കുന്ന, വിയർത്ത് കുളിച്ചു നിൽക്കുന്ന അവനെ അവർ നോക്കിയില്ലെങ്കിലെ അത്ഭുതമൊള്ളൂ.

സ്റ്റോപ്പ് എത്തി. വണ്ടിയിൽ നിന്നും ഇറങ്ങി. വീട്ടിലേക്ക് നടന്നു. വേട്ടക്കാരനും വെടിയുണ്ടകളും മാത്രമാണ് ഇനി അവനെ തേടിവരാൻ ഉള്ളത് അതുകൊണ്ട് തന്നെ വളരെ ശ്രദ്ധാപൂർവ്വം റോഡ് മുറിച്ചു കടന്നു. ഇനി വീട്ടിലേക്ക് അതികം ദൂരമില്ല. അവൻ നടത്തത്തിന്റെ വേഗത കൂട്ടി. അവൻ കണ്ട സ്വപ്നം യാഥാർത്ഥ്യം ആകുമോ??. ഹാവൂ... ദൂരെ നിന്നും വീട് കാണാൻ കഴിഞ്ഞതിൽ അവൻ കുറച്ച് ആശ്യാസം തോന്നി.

അവന്റെ വീട് നിറയെ ജനകൂട്ടമാണ്. നാട്ടുകാരെ കൊണ്ടും ബന്ധുക്കളെ കൊണ്ടും വീടിന്റെ മുറ്റം നിറഞ്ഞിരിക്കുന്നു. ....പട് ..പട് ..പട് ..പട് ഹൃദയമിടിപ്പ് കൂടി നെഞ്ച്പൊട്ടിപിളരുമോ എന്നവന് ഭയന്നു. വീടിന് അടുത്തേക്ക് നടക്കും തോറും അവന്റെ കാലുകൾക് ബലം കുറയുന്നത് അവൻ അറിഞ്ഞു . വീടിന് ചുറ്റും വല്ലാത്ത നിശബ്ദ തളം കെട്ടി നിന്നു. ഒരു ഭാഗത്തായി അവന്റെ കൂട്ടുകാർ വട്ടം കൂടി എന്തെക്കെയോ സംസാരിക്കുന്നുണ്ട്.

മുറ്റത്തെ നിഴലിനും വെളിച്ചത്തിനും അവന്റെ ജീവിതത്തോട് സാദൃശ്യമുണ്ടന്ന് അവൻ തോന്നി. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വെളിച്ചക്കീറുകളേക്കാൾ കുറുത്ത നിഴലുകൾക്കാണ് തന്റെ ജീവിതത്തോട് കൂടുതൽ ബന്ധമുള്ളതെന്ന് അവൻ അറിഞ്ഞു. പ്രതീക്ഷിക്കാതെയുള്ള വീടിന് മുന്നിലെ ജനക്കൂട്ടത്തെ കണ്ട അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി. അവന്റെ തല കറങ്ങി. ഒരെത്തും പിടിയും കിട്ടുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പതറുന്ന കാലുകളുമായി അവൻ മുന്നോട്ട് തന്നെ നടന്നു.

കുന്തിരിക്കവും ചന്ദനതിരിയും കൂടി കലർന്ന ഗന്ധം മൂക്കിലേക് ഇരിച്ചുകയറി.
വീട്ടിനുള്ളിലേക് കാല് എടുത്തുവെച്ചതും കൂട്ടക്കരച്ചിലും നിലവിളികളും ശാപവാക്കുകളും ഉയർന്നു കേൾകുമായിരുന്നു. അത് ഉമ്മയുടെയും പെങ്ങളുടെയും ശബ്ദമാണെന്നവൻ മനസ്സിലാക്കിയിരിക്കുന്നു. ഉമ്മയും പെങ്ങളും ഇങ്ങനെ കരയണം എന്നുണ്ടെങ്കിൽ വീട്ടിൽ ഒരു മരണം സംഭവിച്ചിരിക്കണം. പക്ഷെ ആരുടെ???? ഉപ്പായില്ലാത്ത അവന് എല്ലാം ഇക്ക ( Brother ) ആണ്. ഇക്കയെ കുറിച്ചോർത്തപ്പോൾ അവൻ വിയർത്തു. പടച്ചറബ്ബേ എന്റെ ഇക്ക ആയിരിക്കുമോ???? നിന്ന നിൽപ്പിൽ അവന് കത്തിപോകുന്ന പോലെ തോന്നി." യാ അള്ളാ... " അവൻ നിലവിളിച്ചു കൊണ്ട് അകത്തേക്ക് ഓടി. അകത്തെ കാഴ്ച കണ്ടതും മിന്നലേറ്റ പോലെ അവിടെ സ്തംഭിച്ചു നിന്നു.

കട്ടിലിൽ വെള്ളതുണികൊണ്ട് മൂടിപുതച്ചിരിക്കുന്ന ജനാസ( ശരീരം ). അതിന് ചുറ്റും ഖുർആൻ പാരായണം ചെയ്യുന്ന പള്ളിയിലെ കുട്ടികളും ഉസ്താതുമാരും. നിറകണ്ണുകളോടെ നിസ്സഹയായി നോക്കി നിൽക്കേണ്ടി വന്ന ബന്ധുക്കളും. ഓരോരുത്തർ ആയി മയ്യിത്ത് സന്ദർശിക്കുന്നുണ്ട്. കുഞ്ഞുപെങ്ങളെയും കെട്ടിപിടിച്ചു കൊണ്ട് ചലനമില്ലാത്ത ശരീരവും താനേ നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി ഉമ്മ
റൂമിലെ ഒരു മൂലയിൽ ആയി ഇരിപ്പുറച്ചിരിക്കുന്നു. ഇടക്കിടെ നിലവിളിക്കുകയും പൊട്ടികരയുകയും പടച്ചവനെ ശപിക്കുകയും ചെയ്യുന്നുണ്ട്. ഉമ്മയുടെ വസ്ത്രങ്ങൾ എല്ലാം കണ്ണീരിനാൽ നനഞ്ഞ് കുതിർന്നിരുന്നു. ആശ്വാസവാക്കുകൾ പറയാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന കുടുംബക്കാരുടെ മുഖങ്ങൾ അവൻ കണ്ടു.

തേങ്ങി തേങ്ങി കരയുന്ന പെങ്ങളുടെ കവിളിലൂടെ മഴവെള്ള പാച്ചില്ലെന്നപോൽ കണ്ണുനീർ നിലക്കാതെ പ്രവഹിച്ചു. ഉമ്മ അവനെ തന്നെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു. ഇക്കയെ കുറിച്ചുള്ള ഓർമ്മകൾ കൊണ്ട് മനസ്സാകെ വീർപ്പുമുട്ടി. അവന്റെ കണ്ണുനീർ ധാര ധാരയായി ഒഴുകി. കരയുന്നത് ആരും കാണാതിരിക്കാൻ വേണ്ടി അവൻ റൂമിലേക്കോടി.

റൂമിലെ കാഴ്ച കണ്ട അവന്റെ മനസ്സ് ഒന്ന് പിടഞ്ഞു. അവിടെ ഒരു മൂലയിലായി കാലുകൾ ചേർത്ത് വെച്ച് അതിന്മേൽ തലവെച്ചു ഏങ്ങി ഏങ്ങി കരയുന്ന അവന്റെ പഴയ കൂട്ടുകാരൻ ഹാരിസ്. ഇവൻ എന്തിനാണ് കരയുന്നത്??? എന്റെ ഇക്കയും ഇവനും തമ്മിൽ പരിചയം പോലുമില്ല!!!. ഹാരിസിനെ കുറിച്ച് ഓർത്തതും കാലം പിറകിലേക് സഞ്ചരിച്ചു.



ചെറുപ്പം മുതലേ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചു പഠിച്ച എന്റെ ആത്മമിത്രം. വീട്ടുകാരെ കഴിഞ്ഞാൽ പിന്നെ എനിക് എല്ലാം അവനായിരുന്നു. രണ്ട്ആത്മാവും ഒരുമനസ്സുമായി ജീവിച്ചവർ. ഞാൻ പിന്നീട് ലഹരികൾക് അടിമപ്പെട്ടുപോയപ്പോൾ എന്നിലെ എന്നെ കണ്ടത്താൻ സഹായിച്ച എന്നാൽ അതിൽ പരാജയപ്പെട്ട ഹാരിസ്. അവനോട് ഞാൻ ആണ് മിണ്ടാതിരുന്നത്. വഴിതെറ്റിപ്പോകുന്ന എന്നെ നേർവഴിയിലേക് കൈ പിടിച്ച് ഉയർത്താൻ ശ്രമിച്ചതിന് അവന് ഞാൻ തിരിച്ചുകൊടുത്തത് ദുഃഖങ്ങൾ മാത്രമായിരുന്നു എന്ന് ഞാൻ വേദനയോടെ ഓർത്തു.

" അളിയാ... ഈ കണ്ണീന്ന് ഒരിറ്റ് വെള്ളം വീഴണമെങ്കിൽ നീ മരിക്കണം. " ഹാരിസിന്റെ വാക്കുകൾ മനസ്സിലേക് പാറിവന്നു. ഇന്നിതാ ഇവിടെ അവൻ കരയുന്നു. ". ഞാൻ മരിച്ചാലെ കണ്ണിന്ന് വെള്ളം വരൂന്ന് പറഞ്ഞ പുള്ളിയാ. എന്നിട്ട് ഇപ്പൊ......" അവന്റെ വാക്കുകൾ മുഴുവനാക്കാൻ സാധിച്ചില്ല അതിന് മുമ്പ് വാതിൽ തുറന്നു കൊണ്ട് ഹരിസിനെ ആശ്വസിപ്പിക്കാൻ എന്റെ ഇക്ക റൂമിലേക്ക് കടന്നു വന്നിരുന്നു.

മരിച്ച ഇക്കയുടെ വരവ് കണ്ടതും അവൻ ഞെട്ടലോടെ പിന്നിലേക്ക് വീണു. പിന്നെ സടകുടഞ്ഞ് എണീറ്റ് മയ്യിത്ത് കാണാൻ വേണ്ടിയുള്ള ഒട്ടമായിരുന്നു. മയ്യിത്തിന്റെ മുഖം കണ്ടതും (അളിയാ... ഈ കണ്ണീന്ന് ഒരിറ്റ് വെള്ളം വീഴണമെങ്കിൽ നീ മരിക്കണം ). ഹരിസിന്റെ വാക്കുകൾ ഇടിമുഴക്കം പോലെ തലചോറിൽ പ്രകമ്പനം കൊണ്ടു. അതോടെ ഇടത് ഭാഗത്ത് കൂടെ വേദനയുടെ മിന്നൽപിളർ തലച്ചോറിലേക്ക് പാഞ്ഞുകയറി. വേദനയുടെ തിരമാലകൾ ഹൃദയത്തിൽ വന്നടിക്കുന്നു. വേദനയുടെ വേലിയേറ്റത്തിൽ ഹൃദയം സ്ഥാനം തെറ്റി തലച്ചോറിലേക് കയറുകയാണോ??? അവൻ രണ്ട് കൈകളും നെഞ്ചിൽ അമർത്തിപ്പിടിച്ചു നിലവിളിച്ചു."..റബ്ബേ ഈ മരിച്ചു കിടക്കുന്ന മയ്യിത്തിന് എന്റെ മുഖമാണ്. അപ്പോ പിന്നെ ഈ ഞാൻ ആരാണ്. എവിടെയാണ് ഞാൻ ഇനി എന്നിലെ എന്നെ തിരയേണ്ടത്.???."



ഇതെല്ലാം മായയോ??? മിഥ്യയോ???. ഡോക്ടറും, ബസും, കണ്ടക്ടറും, തുറിച്ചു നോക്കുന്ന ജനങ്ങളും ഇവർ എല്ലാം എന്റെ തോന്നൽ ആയിരുന്നോ???അപ്പൊ ഇവർ ഒന്നും എന്നെ ആയിരുന്നില്ലേ കണ്ടത്?? ഇല്ല എനിക് വിശ്വാസിക്കാൻ കഴിയുന്നില്ല. ഉത്തരമില്ലാത്ത വാനോളം ചിന്തകൾ ഉണ്ടായിരുന്നു മനസ്സിൽ. അതെ സമയം അവന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി ഒരാൾ ഭൂമിയിലേക് ഇറങ്ങി വന്നു കൊണ്ടിരിക്കുകയായിരുന്നു.



പെട്ടന്ന് ആകാശം പൊട്ടി പിളരുന്ന പോലെ അതിഭയനകരമായ ശബ്ദം!! അവൻ മേല്പോട്ട് നോക്കി. ഭീമാകാരമായ ഇരുട്ടിന്റ കൂട്ടങ്ങൾ കറുത്ത ഭൂതങ്ങളെ പോലെ ഭൂമിയിലേക് ഇറങ്ങിവരുന്നു. അവർ സൂര്യനെ മറച്ചതോട് കൂടെ ഭൂമിയാകെ അന്ധകാരത്തിലാണ്ടു പോയിരിക്കുന്നു. അവൻ കണ്ണുകൾ വെട്ടി മിഴിച്ചു നോക്കി. ഇല്ല !! ഒന്നും കാണുന്നില്ല ആകെ ഇരുട്ട് വ്യാപിച്ചിരിക്കുന്നു. പതിയെ അന്ധകാരം ഹൃദ്യയത്തിലേക്കും വ്യാപിചിരിക്കുന്നത് അവൻ അറിഞ്ഞു. മനസ്സിലും കണ്ണിലും ഒരു പോലെ ഇരുൾ മൂടി ഇരിക്കുന്നു. അവന്റെ പ്രിയപ്പെട്ടവരെ കുറിച്ചോർത്തപ്പോൾ ഇരുട്ടിന്റ കട്ടി കൂടി വന്നു.

സൂര്യൻ ഉദിക്കാത്ത ഇരുളിന്റെ ലോകത്ത് താൻ ഒറ്റപ്പെട്ടിരിക്കുന്നു എന്നവന് ബോധ്യമായി. അഭയത്തിനായി അവൻ അള്ളാനെ വിളിച്ചു. " പടച്ചോനേ രക്ഷിക്കണേ..." ഇല്ല!! നാവ് പൊന്തുന്നില്ല. വിഭ്രാന്തിയോടെ അവൻ സർവ്വശക്തിയുമെടുത്ത് കരഞ്ഞു വിളിച്ചു. " സൃഷ്ടാവായ നാഥാ !! കാക്കണേ". ഉടനെ ഭൂമിയും ആകാശവും കുലുങ്ങുന്ന ഉച്ചത്തിൽ അവൻ ഒരശിരീരി കേട്ടു.

" ദുനിയാവിലെ നിന്റെ ജീവിതം അവസാനിച്ചിരിക്കുന്നു "


ശുഭം

രചന
Ambadan Rashid

1 comment: